തേനീച്ചകളാൽ സംരംഭകനായ ഇടുക്കിക്കാരൻ

തന്റെ ഇഷ്ടങ്ങളെ സംരംഭമാക്കി വളർത്തി അതിനെ ഒരു കുഞ്ഞിനെപ്പോലെ ശ്രദ്ധയോടെ കേരളത്തിൽ അങ്ങോളമിങ്ങോളം നേരിട്ട് മാർക്കറ്റിങ് ചെയ്യുന്ന, ഒരു സംരംഭകനാണ് ശ്രീ T K രാജു. ഈ ആവേശം തന്നെയാണ് തന്റെ ഉൽപന്നം കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് വരെ എത്തിച്ചു നൽകാൻ അദ്ദേഹത്തെ സഹായിച്ചത്. ടൂറിസ്റ്റുകൾ ഏറെ വന്നുപോകുന്ന ഇടുക്കിയിലെ അദ്ദേഹത്തിന്റെ ഗ്രാമം ഇപ്പോൾ ഹണി നഗർ എന്നാണ് പുറം ലോകത്ത് അറിയപ്പെടുന്നത്. ഇത് T K രാജു എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സംരംഭവും എത്രമാത്രം ശ്രദ്ധിക്കപ്പെട്ടു എന്നതിന്റെ നേർസാക്ഷ്യമാണ്.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് നാട്ടിൽ ഉണ്ടായിരുന്ന തേനീച്ച കൃഷിയെ കുറിച്ച് ശ്രീ T K രാജു അറിയുന്നത്. അന്നുമുതൽ അദ്ദേഹത്തിന്റെ മനസ്സിൽ മുഴുവൻ തേനീച്ച കൃഷി ആയിരുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം 100 തേനീച്ചക്കൂട് സ്ഥാപിച്ച് തേനീച്ച വളർത്തൽ ആരംഭിച്ചു. പത്താംക്ലാസ് പരീക്ഷ നടക്കുന്ന സമയത്ത് തേനീച്ചയുടെ കുത്ത് കൊണ്ട് പരീക്ഷ എഴുതാൻ കഴിയാതെ പഠനം നിലച്ചുപോയെങ്കിലും, ഇന്ന് അദ്ദേഹം തേനീച്ചകൾ കാരണം 15 ൽ അധികം ബിരുദധാരികൾക്കടക്കം 39 പേർക്ക് ജോലി നൽകുന്ന High range Beekeeping Unit എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

തേനീച്ച കർഷകരെ കർഷകരായി സർക്കാരും ബാങ്കുകളും അംഗീകരിച്ചിട്ടില്ലെന്ന് ഒരു ലോണിന്റെ ആവശ്യത്തിന് പോയപ്പോഴാണ് അദ്ദേഹം അറിയുന്നത്. അന്നുമുതൽ ഒറ്റയാൾ പട്ടാളമായ് പോരാടി നിരവധി ആളുകൾക്ക് തേനീച്ച കൃഷി ശാസ്ത്രീയമായ്‌ ചെയ്യാൻ പരിശീലനം നൽകി. 2017ൽ തേനീച്ച കൃഷിക്ക് സർക്കാറിന്റെയും ബാങ്കുകളുടെയും അംഗീകാരം അദ്ദേഹം നേടിയെടുത്തത്തിന് പുറകെ പ്രഥമ തേനീച്ച കർഷകനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡും രാജുവിനെ തേടിയെത്തി. അത് മറ്റ് ചെറുകിട തേനീച്ച കർഷകർക്ക് വലിയൊരു അനുഗ്രഹമായി.

കേന്ദ്ര സർക്കാരിന്റെ Major Honey Mission-ന്റെ ഭാഗമാവുകയും രാജു കേരളത്തിൽ ഉടനീളമുള്ള 600 കർഷകർക്കായി 6000 തേനീച്ച കൂടുകൾ സ്ഥാപിക്കാൻ സഹായിക്കുകയും, അവരുടെ തേൻ മുഴുവൻ ന്യായമായ വിലയിൽ ശേഖരിക്കുകയും ചെയ്യുന്നു. പരമ്പരാഗത തേനീച്ച വളർത്തലിൽ ഒതുങ്ങി നിൽക്കാതെ തേനിൽ നിന്നും മറ്റ് ഉൽപന്നങ്ങൾ ഉണ്ടാക്കി മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നിടത്താണ്, രാജു എന്ന നാട്ടിൻപുറത്തെ കർഷകൻ ലക്ഷ്യബോധമുള്ള ഒരു സംരംഭകനാക്കുന്നത്. തനിക്ക് കിട്ടിയ പരിമിതമായ വിദ്യാഭ്യാസത്തെ മറികടന്ന് തേനിന്റെ സാധ്യതകളും ശാസ്ത്രീയ രീതികളും സർക്കാരിൽ നിന്നുളള ആനുകൂല്യങ്ങളെ പറ്റിയും അറിഞ്ഞത് ഈ അടങ്ങാത്ത സംരംഭകത്വ മോഹമാണ്. കേരളത്തിൽ മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്ന രാജുവിന്റെ വിവിധ ഔഷധ ഗുണങ്ങളുള്ള കാന്താരി തേൻ, മഞ്ഞൾ തേൻ, ഇഞ്ചി തേൻ, പൂമ്പൊടി, ബീ വാക്സ് ക്രീം, നെല്ലിക്ക തേൻ, ബ്രഹ്മി തേൻ, കീഴാർനെല്ലി തേൻ, വെളുത്തുള്ളി തേൻ, ഈത്തപ്പഴ തേൻ തുടങ്ങി തേനുൽപ്പന്നങ്ങളുടെ പട്ടിക നീളുകയാണ്. 

Visit  business profile of High Range Beekeeping Unit Click here:

https://keralakonnect.com/seller/profile/highrangebeekeepingunit


ആയുർവേദ രംഗത്തെ സൂര്യപുത്രൻ
Copyright @ keralakonnect.com 2023. All rights reserved. Terms & Conditions Privacy Policy