ബിരുദപഠനത്തിനുശേഷം മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്ത ശ്രീ അജിത്ത് നമ്പ്യാർ, ഒരു എക്സിബിഷനിലാണ് ഇൻവർട്ടറുകളെ കുറിച്ച് അറിയുന്നത്. ജനങ്ങൾക്ക് ഇൻവർട്ടറുകൾ എന്താണെന്ന് പോലും അറിയാതിരുന്ന സമയമായിരുന്നു അത്. ഇൻവേർട്ടറുകളുടെ ഭാവിയിലെ സാധ്യത തിരിച്ചറിഞ്ഞ അജിത് നമ്പ്യാർ, ജീവിതത്തിൽ വലിയൊരു റിസ്ക് ഏറ്റെടുത്തുകൊണ്ട് സ്വന്തമായി ബിസിനസ് ആരംഭിച്ചു. ജനങ്ങളിൽ ഇൻവർട്ടറിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കലായിരുന്നു അദ്ദേഹം നേരിട്ട ആദ്യ വെല്ലുവിളി. ഇതിനായി 20 മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ നിയമിച്ചു ഉത്തരമലബാറിലെ വീടുകളും ഓഫീസുകളും കയറിയിറങ്ങി ഇൻവർട്ടറുകളെ മാർക്കറ്റ് ചെയ്തു. രണ്ട് വർഷം കൊണ്ടുതന്നെ തന്റെ സംരഭത്തിനെ ലാഭത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് സ്വന്തമായി ഇൻവർട്ടറുകൾ അസംബ്ലി ചെയ്യാനും അത് വിതരണം ചെയ്യാനും തുടങ്ങി.
അക്കാലത്താണ് ചില തൊഴിലാളി പ്രശ്നങ്ങൾ ഉയർന്നു വന്നത്. കൂടാതെ മൾട്ടിനാഷണൽ കമ്പനികളുടെ ഇൻവർട്ടറുകൾ യഥേഷ്‌ടം മാർക്കറ്റിൽ ചെറിയ തുകയ്ക്ക് ലഭ്യമാവുകയും ചെയ്തു. അതോടെ ഇൻവർട്ടറുകളുടെ അസംബ്ലി യൂണിറ്റ് നിർത്തലാക്കി. ആ പ്രതിസന്ധികളിൽ തളരാതെ മറ്റ് കമ്പനികളുടെ ഇൻവർട്ടറുകളും ബാറ്ററികളും വിതരണം ചെയ്യുന്നതിലും ഡീലർഷിപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. കാലത്തിന് അനുസൃതമായി സോളാർ പാനൽ പോലുള്ള ബിസിനസിൽകൂടി അദ്ദേഹമിന്ന് ശ്രദ്ധകേന്ദ്രികരിച്ചിരിക്കുന്നു ബിസിനസ്സിൽ റിസ്ക് ഏറ്റെടുക്കാനുള്ള മനോധൈര്യവും അവസരങ്ങളേയും പ്രതിസന്ധികളേയും മുൻകൂട്ടി മനസ്സിലാക്കി അതിന് അനുസരിച്ചു തന്റെ ബിസിനസ്സിനെ ക്രമീകരിക്കുവാനുള്ള കഴിവും, തന്റെ സഹപ്രവർത്തകരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുന്നതുമാണ് അജിത് നമ്പ്യാർ എന്ന സംരംഭകന്റെ വിജയമന്ത്രം.