കണ്ടുപിടിത്തങ്ങളിലെ അജന്ത വിസ്മയം....
  •               ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എന്ന ആശയത്തിന്റെയും കണ്ടുപിടിത്തത്തിന്റെയും പിറകിൽ ഒരു കണ്ണൂർകാരൻ ശ്രീ അജയൻ അജന്തയുടെ ബുദ്ധിയാണെന്ന് നമ്മൾ എത്രപേർക്ക് അറിയാം?!! ഗൾഫിൽ ജോലി ചെയ്യുമ്പോൾ കൂടെയുണ്ടായിരുന്ന വിദേശി, ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ച് പരിഹസിച്ചതാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ എന്ന കണ്ടുപിടിത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 1991തിൽ കണ്ടുപിടിച്ച വോട്ടിംഗ് മെഷീന് ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിച്ചെങ്കിലും ഭാരക്കൂടുതൽ കാരണം പ്രാവർത്തികമാക്കാൻ സാധിച്ചില്ല. പ്രകൃതിദത്ത വാട്ടർ പ്യൂരിഫയർ, വീൽചെയർ ലിഫ്റ്റ്, സ്ത്രീസുരക്ഷ ഉപകരണം എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളുടെ പട്ടിക. ഇതൊന്നും നിർമ്മിച്ചെടുക്കാൻ എൻജിനീയറിങ്ങൊന്നും പാസ്സാകേണ്ട എന്നും കേവലം നാം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ഇച്ഛാശക്തി മാത്രം മതിയെന്നും തെളിയിക്കുകയാണ് പത്താംതരം വരെ മാത്രം പഠിച്ച അജയേട്ടൻ.

                        വീട്ടിലെ കിണറ്റിലെ മലിനമായ കുടിവെള്ളം ശുദ്ധീകരിക്കാൻ വാട്ടർ പ്യൂരിഫയർ വാങ്ങാൻ പോയ അജയേട്ടൻ വിലകേട്ട് തിരികെ വരികയായിരുന്നു. എന്തുകൊണ്ട് അത്തരത്തിലൊന്ന് വീട്ടിൽ നിർമ്മിച്ചെടുത്തുകൂടാ എന്ന ചിന്തയിൽ നിന്നാണ് പ്രകൃതിദത്ത വാട്ടർ പ്യൂരിഫയറിന്റെ ഉത്ഭവം. ഇന്ന് ഒരു മാസം പത്തോളം വാട്ടർ പ്യൂരിഫെയർ അജയേട്ടൻ നിർമിച്ചു നൽകുന്നുണ്ട്. കൂടാതെ കുറഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്യാനുള്ള റൊട്ടേറ്റിംഗ് പ്ലാറ്റ്ഫോം സിസ്റ്റം വികസിപ്പിച്ചെടുത്തതോടെ അതുവഴിയുള്ള ഓർഡറുകൾ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും അജയേട്ടന് ലഭിക്കുന്നുണ്ട്. ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോൾ സിസ്റ്റത്തിന് കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ NIRDയിൽ നിന്ന് അവാർഡും അജയേട്ടൻ ഏറ്റുവാങ്ങിയിട്ടുണ്ട്. മൊട്ടുസൂചിക്ക് പോലും വാറണ്ടി നൽകാത്ത നാട്ടിൽ "എന്റെ എല്ലാ പ്രൊഡക്റ്റ്സിനും എന്റെ ലൈഫ് ലോങ്ങ് വാറണ്ടി ഞാൻ നൽകുന്നു" എന്ന അജയേട്ടന്റെ ഹാസ്യത്മകമായ സംസാരം തന്നെയാണ് അജയേട്ടന്റെ ഹൈലൈറ്റ് പോയിന്റ്.

Odoo • Text and Image

        സാമൂഹ്യമാധ്യമങ്ങളിൽ ഒക്കെ സജീവമാണ് അജയേട്ടൻ. അജയൻ തലശ്ശേരി എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാം നമുക്ക് കാണാം. വിദ്യാർത്ഥികളുടെ പ്രോജക്ടുകൾക്കും സംരംഭകരുടെ ആവശ്യത്തിനും വേണ്ടി തന്റെ കഴിവുകൾ ഉപയോഗിച്ച് സഹായം നൽകാറുണ്ട് ശ്രീ അജയൻ. തന്റെ എല്ലാ ഉദ്യമത്തിനും കുടുംബത്തിന്റെയും നാട്ടുകാരുടേയും പിന്തുണ കൂടി ഉണ്ട്. പിന്തുണയും ഏത് പ്രശ്നത്തിനും തന്റെ അറിവുകൾ പ്രയോജനപ്പെടുത്തി പരിഹാരം കാണാൻ പറ്റുമെന്ന ഉറച്ച വിശ്വാസവുമാണ് അജയൻ അജന്തയുടെ വിജയരഹസ്യം.

Visit business profile of Ajantha Ajayan : 

https://keralakonnect.com/seller/profile/ajanthatechnologies

തേനീച്ചകളാൽ സംരംഭകനായ ഇടുക്കിക്കാരൻ
Copyright @ keralakonnect.com 2023. All rights reserved. Terms & Conditions Privacy Policy