ഇന്ന് നമ്മൾ കടകളിൽ നിന്നും സൂപ്പർ മാർക്കറ്റുകളിൽ നിന്നുമൊക്കെ യഥേഷ്ടം വാങ്ങുന്ന ദാഹശമനി, തന്റെ 14മത്തെ വയസ്സിൽ അന്ന് ആർക്കും ചിന്തിക്കാൻ പറ്റാത്ത കാലത്ത് ശീതൾ എന്ന പേരിൽ ആദ്യമായി പാക്കറ്റിലാക്കി വിൽപന നടത്തിയാണ് ശ്രീ ശിവപ്രസാദ് ഷേണായി തന്റെ സംരംഭകത്വ യാത്ര തുടങ്ങുന്നത്. ഇന്ന് ദാഹശമനി പാക്കറ്റിലായി മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. അതിനുശേഷം സ്നാനച്ചൂർണ്ണം, പ്രേമേഹച്ചൂർണ്ണം തുടങ്ങി വിവിധതരം ആയുർവേദ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയും, അതെല്ലാം ഉപയോഗിച്ച് ഗുണമേന്മ മനസ്സിലാക്കി ജനങ്ങൾ കൂടെ നിൽക്കുകയും ചെയ്താണ് Sonsun സംരംഭത്തിനെ വളർച്ചയിലേക്ക് നയിച്ചത്.
കുട്ടിക്കാലത്ത് സൂര്യൻ എന്നറിയപ്പെടുന്ന സുരേന്ദ്ര ഷേണായിയുടെ മകനായതിനാൽ സൂര്യപുത്രൻ എന്ന അർത്ഥത്തിൽ Sunson എന്ന് കൂട്ടുകാർ ശിവപ്രസാദ് ഷേണായിയെ കളിയാക്കി വിളിച്ചിരുന്നു. നമ്മളിൽ പലരും അത്തരം കളിയാക്കലുകളിൽ തളർന്ന് പോവുകയാണ് പതിവെങ്കിലും അദ്ദേഹം അതിനെ പോസിറ്റീവായെടുത്ത്, തന്റെ സംരംഭത്തിന് Sunson എന്ന് പേരിട്ടു. ആദ്യകാലത്ത് ആയുർവേദ ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലൈസൻസുകൾ ഒന്നും ആവശ്യമായിരുന്നില്ല. പക്ഷെ പിന്നീട് ഒന്നിന് പുറകെ ഒന്നായി വിവിധ ലൈസൻസുകൾ സർക്കാർ നടപ്പിലാക്കി. ആദ്യം ഒന്ന് വിഷമിച്ചെങ്കിലും എല്ലാ ലൈസൻസുകളും Sunson സ്വന്തമാക്കി.
ബിസിനസ് വിജയത്തിന് ആത്മാർഥമായ പരിശ്രമത്തിനും ലക്ഷ്യബോധത്തിനൊപ്പം തന്നെ കുറച്ച് ഭാഗ്യവും വേണമെന്ന പക്ഷക്കാരനാണ് ശിവപ്രസാദ് ഷേണായി. അത്യാവശ്യഘട്ടങ്ങളിൽ തന്റെ കൂടെ അത്തരത്തിൽ ഭാഗ്യത്തിന്റെ പിന്തുണ കൂടി ഉണ്ടായത് തന്റെ സംരംഭം വിജയിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മറ്റൊരു സ്ഥാപനത്തിൽ ലക്ഷക്കണക്കിന് രൂപ മാസവരുമാനമുള്ള ജോലിക്കാരനാവുന്നതിലും അഭിമാനമാണ് സ്വന്തം സംരഭത്തിലൂടെ നൂറുരൂപ സമ്പാദിക്കുന്നത് വഴി ഉണ്ടാകുന്നതെന്ന്, അദ്ദേഹം വളർന്നു വരുന്ന തലമുറയോട് പറയാൻ ആഗ്രഹിക്കുന്നത്.
തന്റെ സംരംഭത്തിലും പണം സമ്പാദിക്കുന്നതിലും മാത്രം ഒതുങ്ങിക്കൂടാൻ താൽപ്പര്യമില്ലാത്ത വ്യക്തിത്വമാണ് ശിവപ്രസാദ് ഷേണായി. അതിനാൽ തന്നെ സൺസൻ ചാരിറ്റബിൾ ട്രസ്റ്റിലൂടെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളിലും കലാ-സാഹിത്യ രംഗത്തും അദ്ദേഹം സജീവമാണ്. ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ഏഴിമലയിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ഒറ്റക്കൽ പ്രതിമയായ ഹനുമാൻ പ്രതിമ സ്ഥാപിച്ചത്. കൂടാതെ 2004-ൽ കണ്ണൂർ രാഷ്ട്രീയ അക്രമങ്ങളാൽ കലുഷിതമായപ്പോൾ അതിൽ മനംനൊന്ത് പുതു തലമുറയ്ക്ക് സമാധാനത്തിന്റെ സന്ദേശം നൽകാൻ പയ്യന്നൂർ ബോയ്സ് സ്കൂളിൽ ബുദ്ധ പ്രതിമയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു. ആയുർവേദ സംബന്ധിയായ 5 പുസ്തകങ്ങൾ രചിച്ച ശിവപ്രസാദ് ഷേണായിയുടെ മേൽനോട്ടത്തിൽ പവിത്രഭൂമിയെന്ന മാസികയും പുറത്തിറങ്ങുന്നുണ്ട്. ആൽബങ്ങൾ , ഷോർട്ട് ഫിലിമുകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ കലാ രംഗത്തെ സംഭാവനകൾ നീളുന്നു.
ഇന്ന് 54-ൽ അധികം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ആയുർവേദ ഉൽപന്നങ്ങൾ Sunson വിപണിയിൽ ഇറക്കുന്നുണ്ട്. അമിതമായ പരസ്യങ്ങളോ മാർക്കറ്റിങ് തന്ത്രങ്ങളോ ഉപയോഗിക്കാത്ത Sunson-ന്റെ ഇന്നുള്ള വിജയത്തിനുള്ള പ്രധാന കാരണം സംതൃപ്തരായ ഉപഭോക്താക്കളാണ്. ഇന്ന് ഏഴിമലയിലും പരിസരത്തും സ്വന്തമായി ഔഷധ തോട്ടങ്ങളും, മംഗലാപുരത്ത് ഉൽപാദന യൂണിറ്റുമായി വളർച്ചയുടെ പാതയിലുള്ള Sunsonന്റെ യാത്രയിൽ ശിവപ്രസാദ് ഷേണായിയുടെ മക്കളും അച്ഛനെ സഹായിക്കാനായി ഇപ്പോൾ കൂടെയുണ്ട്.