താൻ ചെയ്യുന്നത് ഒരു ബിസിനസ് ആണെന്നറിയാതെ സംരംഭകനായ ആളാണ് ശ്രീ ഷിജോ. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ സഹോദരിയുടെ ഗർഭകാലത്ത് കീടനാശിനിയോ രാസവസ്തുക്കളോ ഇല്ലാത്ത മാമ്പഴം നൽകണം എന്ന ചിന്തയാണ് ശ്രീ ഷിജോയെ ബീ മാംഗോസെന്ന സംരംഭത്തിലേക്ക് നയിച്ചത്.
പത്താംക്ലാസ്സ് കഴിഞ്ഞതോടെ ആരോടും പറയാതെ ഒരു ഒളിച്ചോട്ടമായിരുന്നു മഹാരാഷ്ട്രയിലേക്ക്. അവിടെ ബേക്കറി കടയിൽ ഷിജോ ജോലി ചെയ്തു. തിരികെ നാട്ടിൽ വന്ന ഷിജോ സ്വന്തമായി ഒരു ബേക്കറി തുടങ്ങി. ബേക്കറി നന്നായി പോവുമ്പോഴാണ് ഒരു കനത്ത മഴയിൽ ബേക്കറി കെട്ടിടം തകർന്നു വീഴുന്നത്. ഇത് അദ്ദേഹത്തെ കടബാധ്യതയിലാക്കി. എല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവനെങ്കിലും ബാക്കി കിട്ടിയെന്ന് ആശ്വസിച്ച അദ്ദേഹം, ജീവിതം മുന്നോട്ട് നീക്കാൻ മൽസ്യ വിൽപ്പനയിൽ ശ്രദ്ധതിരിച്ചു. ഗർഭിണിയായ അനുജത്തിക്ക് നല്ല മാമ്പഴം നൽകാൻ 30 കിലോ നാടൻ മാമ്പഴം ഒരുമിച്ചു വാങ്ങി ജൈവരീതിയിൽ പഴുപ്പിച്ചു. അത് തന്റെ ജീവിതത്തിലൊരു വഴിത്തിരിവാകുമെന്നു അദ്ദേഹം അറിഞ്ഞിരുന്നില്ല. ജൈവരീതിയിൽ പഴുപ്പിച്ച മാമ്പഴത്തിൽ അധികവും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സൗജന്യമായി നൽകി. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതോടെ അതൊരു അവസരമാണെന്ന് ഷിജോ തിരിച്ചറിഞ്ഞു. പിന്നീട് വലിയ തോതിൽ മാമ്പഴം വാങ്ങി ജൈവരീതിയിൽ പഴുപ്പിച്ച് പൈസ വാങ്ങി വിതരണം ചെയ്തു. നല്ല ലാഭം കിട്ടിയതോടെ എന്തുകൊണ്ട് ഇതോരു സംരംഭമാക്കി മാറ്റിക്കുടായെന്ന് ഷിജോ ചിന്തിച്ചത്. ആ ചിന്ത എത്തിച്ചേർന്നത് ബീ മാങ്കോസ് എന്ന സംരഭത്തിലാണ്.